06:58pm 10 November 2026
NEWS
കോൺഗ്രസ്സ് പാർട്ടി ​'ഉച്ചിക്കുത്തി വീഴും' എന്ന് പ്രവചിച്ചയാൾ ഒടുവിൽ ഉച്ചിക്കുത്തി വീണു; കോൺഗ്രസിന് നാണക്കേടായി പാലോട് രവിയുടെ രാജി!
27/07/2025  08:51 AM IST
ന്യൂസ് ബ്യൂറോ
കോൺഗ്രസ്സ് പാർട്ടി ​ഉച്ചിക്കുത്തി വീഴും എന്ന് പ്രവചിച്ചയാൾ ഒടുവിൽ ഉച്ചിക്കുത്തി വീണു; കോൺഗ്രസിന് നാണക്കേടായി പാലോട് രവിയുടെ രാജി!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് 'ഉച്ചിക്കുത്തി താഴെ വീഴും' എന്നും 'എടുക്കാച്ചരക്കാകും' എന്നും പ്രവചിച്ച് പാർട്ടിയെ നാണം കെടുത്തിയ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഒടുവിൽ രാജി വെച്ച് തടി രക്ഷിച്ചു! 'ഉച്ചിക്കുത്തി താഴെ വീഴുമെന്ന്' പാർട്ടിക്ക് താക്കീത് നൽകിയ ആൾ തന്നെ കെ.പി.സി.സി. നേതൃത്വത്തിന്റെ തല്ല് കിട്ടി 'ഉച്ചിക്കുത്തി വീഴുകയായിരുന്നു' എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കം പറച്ചിൽ.

​നൂറ് സീറ്റ് നേടി യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന പാർട്ടിയുടെ വീരവാദം അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ, "എൽ.ഡി.എഫ്. ഭരണം തുടരും, തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോകും, കോൺഗ്രസ് അധോഗതിയിലാകും" എന്നൊക്കെ പാലോട് രവി തട്ടിവിട്ടത് പാർട്ടിക്ക് വലിയ തലവേദനയായി. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി നടത്തിയ ഫോൺ സംഭാഷണമാണ് രവിക്ക് വിനയായത്. ഈ സംഭാഷണം പുറത്തുവന്നതോടെ തത്കാലം ജലീലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു.

​പാലോട് രവിയുടെ ഡയലോഗുകൾ - പാർട്ടിയെ കുരുക്കിയത്:

​"പാർട്ടിയിലെ മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വേറെ ചില പാർട്ടികളിലും പോകും. ചില ആളുകൾ ബി.ജെ.പി.യിലും മറ്റേതെങ്കിലും പാർട്ടിയിലും പോകും."
​"ഇത് എടുക്കാച്ചരക്കായി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറും."
​"പ്രാദേശിക തലത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാണ്. പാർട്ടിയിലെ ഒരാൾക്കും പരസ്പര സഹകരണമില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ കോൺഗ്രസിൽ ആളില്ല."
​"60 അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി. എന്തു ചെയ്യാൻ പോകുന്നുവെന്ന് നോക്കിക്കോ. അവർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശുകൊടുത്ത് 40,000-50,000 വോട്ട് പിടിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ഉച്ചിക്കുത്തിവീഴും." (ഈ ഡയലോഗ് ആണ് ഇപ്പോൾ രവിയുടെ സ്വന്തം തലക്ക് മുകളിൽ പതിച്ചത്!)

​താൻ പാർട്ടി സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അങ്ങനെയൊരു മെസേജ് നൽകിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും, പാർട്ടിയുടെ ചെവിയിൽ അതൊന്നും കയറിയില്ല. എ.ഐ.സി.സി.യും സംസ്ഥാന നേതാക്കളുമായി കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ചർച്ച നടത്തിയ ശേഷം രവിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. രാജി വെച്ചില്ലെങ്കിൽ പുറത്താക്കാനും പദ്ധതിയിട്ടിരുന്നത്രേ!
​അങ്ങനെ, സ്വന്തം പ്രവചനം പോലെ, പാർട്ടിക്ക് 'എടുക്കാച്ചരക്കാകാതിരിക്കാൻ' പാലോട് രവി രാജി വെച്ച് ഒഴിയുകയായിരുന്നു. ഇപ്പോൾ പകരക്കാരനെ ആരെയും പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിന്റെ 'അധോഗതി'യെക്കുറിച്ച് പ്രവചിച്ച രവിക്ക്, ആരുടെ തലയിലായിരിക്കും അടുത്ത ഉച്ചിക്കുത്ത് എന്ന് കണ്ടറിയണം!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img